ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക
'ചെക്കുന്നിന്‍റെ ഉച്ചിയിലേക്ക്'

കൂടെയുള്ളപ്പോള്‍ വിലയറിയാത്ത പലതുമുണ്ട് ഈ ലോകത്ത്. ബന്ധങ്ങളും സൗഹൃദങ്ങളും പ്രണയവുമെല്ലാം അത്തരത്തിലുള്ളതാണ്. നഷ്ടപ്പെട്ട്, എത്തിപ്പിടിക്കാനാവാത്ത ദൂരങ്ങളിലവ മറയുമ്പോഴാണ് നാം പലപ്പോഴും അവയുടെയൊക്കെ മൂല്യം തിരിച്ചറിയുക. അതു പോലെയാണ്  നമ്മുടെ തൊട്ടടുത്ത്, കോഴിക്കോട് നിന്ന് ഒരു മണിക്കൂറിന്‍റെയൊക്കെ വഴിദൂരമുള്ള സ്ഥലങ്ങള്‍ നാം തിരിച്ചറിയാതെ പോകുന്നത്. ഒരിക്കലെങ്കിലും എത്തിപ്പിടിച്ചെങ്കില്‍ മാത്രമേ അവയുടെ വില നമുക്ക് മനസ്സിലാക്കാനാകൂ. അരീക്കോട് നിന്ന് കേവലം പത്ത് കിലോമീറ്റര്‍ മാറി ഊര്‍ങ്ങാട്ടീരി പഞ്ചായത്തില്‍ 1400നടുത്ത് അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ശെെഖ് കുന്ന് അഥവാ ചെക്കുന്ന് അത്തരത്തിലുള്ള ഒരു സ്ഥലമാണ്. ആഗസ്ത് 27, ഞായറാഴ്ച്ചയിലെ യാത്ര വശ്യമനോഹരിയായ ചെക്കുന്നിലേക്കായിരുന്നു.

തകര്‍ത്തു പെയ്യുന്ന മഴ ഞങ്ങള്‍ അരീക്കോടിനടുത്ത് എത്തിയപ്പോഴേക്ക് ചാറ്റലിന്‍റെ രൂപത്തിലേക്ക് കൂടുമാറിയിരുന്നു. ട്രക്കിങ്ങിനെ കുറിച്ച് മഴ വരുത്തിയ ആശങ്കക്ക് അതോടെ ചെറിയൊരു അറുതിയായി. നെയ്യപ്പവും കേക്കും നേന്ത്രപ്പഴവുമൊക്കെ വാങ്ങി ചൂലാട്ടിപ്പാറ എത്തിയപ്പോഴേക്ക് ഉസ്മാനും നിതിനും റഹ്‌മതുള്ളയും മുഹമ്മദും അവിടെ എത്തിയിരുന്നു. ഹാഷിം കൂടെ എത്താനുണ്ട്. അതിനുള്ളില്‍ കൂട്ടത്തില്‍ ഭക്ഷണം കഴിക്കാനുള്ളവരൊക്കെ ഹോട്ടലില്‍ കയറി. ഹാഷിം കൂടി എത്തിയതോടെ കുറച്ചു വാട്ടര്‍ബോട്ടിലും വാങ്ങി ചൂളാട്ടിപ്പാറ ബദല്‍സ്കൂള്‍ ലക്ഷ്യമാക്കി ഞങ്ങള്‍ യാത്ര തുടര്‍ന്നു. അവിടെ അന്നാട്ടുകാരനായ സുധര്‍മേട്ടന്‍ ഞങ്ങളെ കാത്തു നില്‍പ്പുണ്ട്. വാഹനങ്ങളൊക്കെ ഒതുക്കി സുധര്‍മേട്ടന്‍റെ പിറകെ ഞങ്ങള്‍ ചെക്കുന്നിലേക്ക് ട്രക്കിങ്ങ് ആരംഭിച്ചു. പാറകളിലൊക്കെ ചവിട്ടുമ്പോള്‍ വല്ലാത്ത വഴുപ്പ്. വെള്ളം മുകളില്‍ നിന്ന് പതിയെ വെള്ളം പാറകളിലൂടെ ഒലിച്ചിറങ്ങുന്നു. ചുറ്റും മനസ്സ് കുളിരണിയുന്ന പച്ചപ്പും. 'ഉരുള്‍ പൊട്ടിയ സ്ഥലമാണ്. മഴ കനത്താല്‍ കോട കാഴ്ച്ചക്ക് തടസ്സം നില്‍ക്കും. ട്രക്കിങ്ങ് കൂടുതല്‍ ദുഷ്കരമാകും. പാറകളില്‍ ചവിട്ടുമ്പോള്‍ പ്രത്യേകം ശ്രദ്ധിക്കണം. വല്ലാതെ ഇരുട്ടുന്നതിനു മുമ്പ് തിരികെയെത്തണം.' നിര്‍ദ്ദേശങ്ങള്‍ തന്നു സുധര്‍മേട്ടന്‍ ട്രെെബല്‍ കോളനിയിലേക്കുള്ള വഴി കാണിച്ചു തന്നു. ട്രെെബല്‍ കോളനിയിലേക്ക് വെള്ളമൊഴുകുന്ന പാറക്കൂട്ടങ്ങളിലൂടെ നടന്നപ്പോള്‍ വഴുവഴുപ്പിന്‍റെ തീവ്രതയും ഈയൊരു ട്രക്കിങ്ങിന്‍റെ ഏതാണ്ടൊരു സ്വഭാവവും ഞങ്ങള്‍ക്ക് ബോധ്യമായി.

ആദിവാസി കോളനിയില്‍ കുറച്ചു മാറി പലയിടത്തായിട്ടാണ് വീടുകളുള്ളത്. വീടിന്‍റെ ഘടനയും അവരുടെ വസ്ത്രവും എല്ലാം പുതിയ കാലത്തിനോട് താദാത്‌മ്യം പ്രാപിച്ച രീതിയിലായിരുന്നു. ഇടപെട്ടിടത്തോളം സ്നേഹമുള്ള പ്രതികരണമായിരുന്നു അവിടെ നിന്നു കിട്ടിയത്. അങ്ങനെ ആദിവാസികളോട് വഴി ചോദിച്ചും ദിക്ക് നോക്കിയും ഞങ്ങള്‍ യാത്ര തുടര്‍ന്നു. ട്രക്കിങ്ങിനിടയില്‍ വളരെ ചുരുങ്ങിയ വഴിദൂരത്തില്‍ കൂടുതല്‍ ഉയരങ്ങളിലേക്ക് കയറുന്നുണ്ട്. അതുകൊണ്ട് തന്നെ ക്ഷീണം പലരേയും പിടികൂടാന്‍ തുടങ്ങിയിരുന്നു. വിശ്രമവും നടത്തവും ഒക്കെയായി ട്രക്കിങ്ങ് പുരോഗമിക്കുമ്പോള്‍ കണ്ണുകളിലേക്കെത്തുന്ന ചെക്കുന്നിന്‍റെ സൗന്ദര്യവും മുമ്പിലേക്കെത്തുന്ന കോടയുടെ ഒളിച്ചു കളിയും ആരുടെയും ക്ഷീണം അകറ്റും.

അനീസിന്‍റെ ബിസിനസ് കണ്‍സല്‍ട്ടന്‍സിയെ കുറിച്ചും ഷഹ്സീബിന്‍റെ വൈല്‍ഡ് ഫോട്ടോഗ്രഫിയെ കുറിച്ചുമൊക്കെയും സംസാരിച്ച് ഷിഹാബിന്‍റെയും മുഹമ്മദിന്‍റെയും ഡയലോഗുകളും കൗണ്ടറുകളും ആസ്വദിച്ച് ഉയരങ്ങള്‍ കീഴടക്കുമ്പോള്‍ ചെക്കുന്നിന്‍റെ സൗന്ദര്യം ഞങ്ങളുടെ മുമ്പില്‍ മറയേതുമില്ലാതെ വെളിപ്പെട്ടു കൊണ്ടിരിക്കുകയായിരുന്നു.  ഷാദും ശിഹാബും വഴിവെട്ടി മുന്നില്‍ നടന്നു. ഇടക്കൊക്കെ വഴുതിയും ചിലരൊക്കെ ചെറിയ വീഴ്ച്ചകള്‍ വീണും ചെളിയും പൊടിയുമൊക്കെ ആയി 2 മണിയോടെ ഞങ്ങള്‍ ചെക്കുന്നിന്‍റെ ഉച്ചിയിലെത്തി. 360 ഡിഗ്രിയില്‍ ഒരു ഭാഗം കോട പുതഞ്ഞും മറ്റു ഭാഗങ്ങള്‍ വ്യക്തതയോടും ചെക്കുന്ന് കാഴ്ച്ചകളുടെ വസന്തം സൃഷ്ടിച്ചു. പ്രകൃതിയുടെ താളത്തിലലിഞ്ഞ് നില്‍ക്കുന്നതിനിടക്ക് കോട അതിന്‍റെ സ്ഥാനം മാറ്റിക്കൊണ്ടേയിരുന്നു. തണുത്ത കാറ്റും കാര്‍മേഘങ്ങളുടെ അകമ്പടിയും ചെക്കുന്നിെലെ കാഴ്ച്ചകള്‍ക്ക് രസം പകര്‍ന്നു. ഇവിടെയെത്താന്‍ ഇത്ര കാലം വെെകിയല്ലോ എന്നായിരുന്നു എന്‍റെയുള്ളിലെ ചിന്ത. പലരും അങ്ങനെത്തന്നെയാണ് ചിന്തിച്ചതെന്ന് പിന്നീട് തിരിച്ചിറക്കത്തിലെ സംസാരത്തില്‍ മനസ്സിലായി. എല്ലാവര്‍ക്കും ഇരിക്കാന്‍ പറ്റിയ ഒരു സ്ഥലം കണ്ടുപിടിച്ചു വിശപ്പിന്‍റെ വിളി മാറ്റാന്‍ തീരുമാനിച്ചു. ഉയരം കൂടുന്തോറും  ടേസ്റ്റു കൂടുന്നതാണോ വിശപ്പിന്‍റെയും ക്ഷീണത്തിന്‍റെയും രാസപ്രവര്‍ത്തനം കൊണ്ടാണോ എന്നറിയില്ല നെയ്യപ്പത്തിനും കേക്കിനുമൊക്കെ അതീവ രുചിയായിരുന്നു.

വിശപ്പും ക്ഷീണവുമൊക്കെ അകറ്റി കുറച്ചു നേരമങ്ങനെ ആ ഉയരത്തില്‍ കാഴ്ച്ചകള്‍ കണ്ട് മനസ്സിനെ കയറൂരി വിട്ട് സ്വസ്ഥമായിരുന്നു. ഇരുട്ട് പരക്കുന്നതിനു മുമ്പ് തിരികെയെത്തണം. ചെക്കുന്ന് കയറാനും ഇറങ്ങാനും മൂന്ന് വഴികളുണ്ട്. ഒന്ന് കയറിയ വഴി തന്നെ. അതായിരുന്നു ചെക്കുന്നിലേക്കുള്ള ഏറ്റവും ദുര്‍ഘടമായ പാത. മറ്റു രണ്ടു വഴികളും താരതമ്യേന എളുപ്പമാണ്. അതിലൊന്നു പടിഞ്ഞാറേ ചാത്തന്നൂര്‍ വഴിയും മറ്റൊന്ന് പ്ലാന്‍റേഷന്‍ റോഡ് വഴിയുമാണ്. തിരികെയിറക്കം പ്ലാന്‍റേഷന്‍ റോഡ് വഴിയാക്കാന്‍ തീരുമാനിച്ചു. ഹിഷാമിന്‍റെ റെയിന്‍കോട്ടും നടത്തവും ചൂണ്ടി ബ്ലൂവെയില്‍ ഗെയിമിന്‍റെ നാല്‍പത്തി ഒമ്പതാം ലെവലിലാണ് അവനെന്ന് ഷിഹാബും മുഹമ്മദും കൂടെ രസം പറഞ്ഞു. പിന്നെ ബ്ലൂവെയിലും സോഷ്യല്‍മീഡിയയും ഒക്കെയായി തിരിച്ചിറക്കത്തിലെ ചര്‍ച്ച. ശ്രദ്ധയോടെ എന്നിട്ടും ഒട്ടൊക്കെ വഴുതി ഞങ്ങള്‍ പ്ലാന്‍റേഷന്‍ റോഡിലെത്തി. തിരികെയിറക്കം തുടങ്ങിയപ്പോള്‍ തന്നെ ഒരു ക്വാറി ശ്രദ്ധയില്‍ പെട്ടിരുന്നു. പക്ഷേ അത് ചെക്കുന്നിനേല്‍പിക്കുന്ന ആഘാതം എത്ര മാത്രമാണെന്ന് ക്വാറിയുടെ സമീപത്ത് എത്തിയപ്പോഴാണ് ബോധ്യപ്പെട്ടത്. ചെക്കുന്നിന്‍റെ താഴ്ഭാഗത്തെ പല കുന്നുകളും തുരന്നു കഴിഞ്ഞിരിക്കുന്നു. എത്ര കാലം ചെക്കുന്ന് ഈ രൂപത്തിലിവിടെ ഇങ്ങനെ നില്‍ക്കുമെന്ന ആശങ്ക ഞങ്ങള്‍ എല്ലാവരും ക്വാറിയുടെ പരിസരത്തു നിന്ന് പങ്ക് വെച്ചു. ക്വാറിയും കടന്ന് തിരികെ നടക്കുന്ന വഴിയേ ഒരു പൊതുകുളത്തില്‍ ചിലരൊക്കെ ഇറങ്ങി കുളിയും പാസ്സാക്കി ഞങ്ങള്‍ അരീക്കോടേക്ക് തിരിച്ചു. സമയം വെെകുന്നേരം അഞ്ച് കഴിഞ്ഞിരിക്കുന്നു. ഉച്ചക്ക് കാര്യമായി ഒന്നും കഴിച്ചിട്ടില്ല. വിശപ്പ് ചെറുതായി വന്നു തട്ടുന്നുണ്ട്. അരീക്കോട്ടെ മമതയില്‍ നിന്ന് ബിരിയാണിയും അകത്താക്കി ഒരു പുതിയ സ്ഥലം അനുഭവിച്ചതിന്‍റെയും കുറേ സൗഹൃദങ്ങളുടെ സന്തോഷവും പങ്കുവെച്ച് എല്ലാവരും യാത്ര പറഞ്ഞിറങ്ങി. ചെക്കുന്നിനെയും കൊല്ലംകൊല്ലിയെയും ഇല്ലായ്മ ചെയ്യുന്ന ക്വാറിയെ കുറിച്ച് റഹ്മത്തുള്ള അയച്ചു തന്ന വാര്‍ത്ത കണ്ടാണ് പിറ്റേന്ന് രാവിലെ എഴുന്നേറ്റത്. സുന്ദരിയായ ചെക്കുന്ന് അതിന്‍റെ മനോഹാരിത ഇനിയും തലമുറകള്‍ക്ക് പകര്‍ന്നു നല്‍കാവുന്ന രീതിയില്‍ നിലനില്‍ക്കട്ടെ.

അഭിപ്രായങ്ങള്‍